പിപിഇ കിറ്റ് ധരിച്ച് ഓണപ്പാട്ടിന് നൃത്തം ചെയ്യുന്ന ഡോക്ടറും നഴ്‌സും: ഗംഭീര പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

August 23, 2021
Doctor and Nurse dancing with PPE kit viral video

കൊവിഡ് പ്രതിസന്ധിയിലും അതിജീവനത്തിന് കരുത്തും പ്രതീക്ഷയും പകരുന്ന നിരവധി കാഴ്ചകള്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും സമൂഹമാധ്യമങ്ങളിലൂടെ. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ വൈറലാകുന്നതും. പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഓമാനൂര്‍ കമ്യൂണിറ്റി ഹെല്‍ത് സെന്ററിലെ ഡോക്ടറും നഴ്‌സുമാണ് വിഡിയോയിലെ താരങ്ങള്‍. കൊവിഡ് ഡ്യൂട്ടിക്കിടെ ലഭിച്ച ഇടവേളയില്‍ ഡോക്ടര്‍ അരുണിമയും നഴ്‌സായ തസ്‌നിയും ചേര്‍ന്ന് നൃത്തം ചെയ്യുകയായിരുന്നു. ഓണപ്പാട്ടിന്റെ റീമിക്‌സിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്.

Read more: ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ ‘കോഴിമുട്ട’

നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ‘ഒഴികഴിവ് പറയാതെ ഓണ നാളിലും കോവിഡ് ഡ്യൂട്ടിക്കെത്തിയതാണ് ഡോക്ടര്‍ അരുണിമയും സ്റ്റാഫ് നഴ്സ് തസ്‌നിയും. ഉള്ളിലൊതുക്കി വെച്ച നൃത്തച്ചുവടുകള്‍ക്ക് PPE കിറ്റ് തടസ്സമായില്ല…. ഏത് സാഹചര്യത്തിലും ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സേവന സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതീകമാണിവര്‍…’ എന്ന കുറിപ്പിനൊപ്പമാണ് എംഎല്‍എ ടിവി ഇബ്രാഹിം വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Story highlights: Doctor and Nurse dancing with PPE kit viral video