കന്നടയിൽ തിളങ്ങാൻ ദുർഗ കൃഷ്ണ- ട്വന്റി വൺ അവേഴ്‌സിൽ മലയാളി പെൺകുട്ടിയായി നടി
ട്വന്റി വൺ അവേഴ്സ് എന്ന ചിത്രത്തിലൂടെ കന്നഡ ചലച്ചിത്രമേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ദുർഗ കൃഷ്ണ. കന്നഡ നടൻ ധനഞ്ജയ, സുദേവ് നായർ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളി പരസ്യ ചലച്ചിത്ര നിർമ്മാതാവ് ജയശങ്കർ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ദ്വിഭാഷാ (കന്നഡ, മലയാളം) സിനിമയാണ് ട്വന്റി വൺ അവേഴ്സ്.
ചിത്രത്തിൽ മലയാള നടൻ രാഹുൽ മാധവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. ഒരു ത്രില്ലർ ചിത്രമാണ് .ട്വന്റി വൺ അവേഴ്സ്. ബാംഗ്ലൂരിൽ കാണാതായ ഒരു മലയാളി പെൺകുട്ടിയുടെ അന്വേഷണമായി കഥ മുന്നോട്ട് പോകുന്നു. കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടറുടെ വേഷം ചെയ്യുന്നത് ധനഞ്ജയ് ആണ്.
വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. കുടുക്ക് എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവും ഒടുവിൽ വേഷമിട്ടത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
Read More: അയ്യപ്പന്‍ നായര്‍ തെലുങ്കിലേയ്‌ക്കെത്തുമ്പോള്‍ വ്യത്യസ്തതകള്‍ ഏറെ: ശ്രദ്ധ നേടി വിഡിയോ
ലോക്ക് ഡൗൺ സമയത്താണ് ദുർഗയും യുവ നിർമാതാവായ അർജുനുമായുള്ള വിവാഹം കഴിഞ്ഞത്. ‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ. കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ഭർത്താവ് അർജുൻ.
Story highlights- durga krishna’s kannada movie