ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 32,937 പേര്‍ക്ക്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. നേരിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 32,937 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,81,947 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 145 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ സജീവ രോഗികളുടെ കണക്കാണിത്.
ഇന്നലെ മാത്രം 35,909 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തരായി. നിലവില്‍ 97.48 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. 3,14,11,924 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായത്. 417 കൊവിഡ് മരണങ്ങളും രാജ്യത്ത് കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 54.58 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.
Story highlights: India Reports 32,937 New Cases, 417 Deaths