കൊറോണക്കാലത്ത് ജോലി നഷ്ടമായി. വീട്ടിലിരുന്ന് തയാറാക്കിയ ഉരുളക്കിഴങ്ങ് റെസിപ്പി ഹിറ്റായതോടെ പുതിയ വഴിത്തിരിവ്
കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും ചെറുതല്ല. നിരവധിപ്പേര്‍ക്ക് കൊവിഡ് പ്രതിസന്ധിയില്‍ ജോലി പോലും നഷ്ടമായി. വിവിധ മേഖലകളിലും കനത്ത നഷ്ടംതന്നെ സൃഷ്ടിച്ചിട്ടുണ്ട് കൊവിഡ് മഹാമാരി. കൊവിഡ് കാലത്ത് ജോലി നഷ്ടമായപ്പോള്‍ ഉരുളക്കിഴങ്ങുകൊണ്ട് ജീവിതം തിരികെപിടിച്ച യുവതിയുടെ വിശേഷങ്ങളും ശ്രദ്ധ ആകര്‍ഷിക്കുന്നു.
പോപ്പി ഒ ടൂളി എന്നാണ് ഈ യുവതിയുടെ പേര്. ലണ്ടന്‍ ആണ് സ്വദേശം. ഷെഫായി ജോലി ചെയ്യുകയായിരുന്ന പോപ്പിയുടെ ജോലി കൊവിഡ് കവര്‍ന്നു. പതിനെട്ടാം വയസ്സുമുതല്‍ ഷെഫായി ജോലി ചെയ്ത് തുടങ്ങിയതാണ് ഇവര്‍. കൊവിഡ്ക്കാലത്ത് ജോലി നഷ്ടമായപ്പേള് വീട്ടിലായി. മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ സാമ്പത്തികമായും ബുദ്ധിമുട്ടി. വീട്ടുവാടകയ്ക്ക് പോലും വഴിയില്ലാതായതോടെ മാതാപിതാക്കള്‍ക്കൊപ്പമായി പോപ്പിയുടെ താമസം.
Read more: നോബിയുടെ നടപ്പും ഭാവങ്ങളും രസകരമായി അനുകരിച്ച് മൃദുല വിജയ്: വിഡിയോ
വീട്ടിലിരിപ്പും ക്രിയാത്മകമാക്കാന്‍ പിന്നീട് തീരുമാനിച്ചു. അങ്ങനെ സഹോദരങ്ങളുടെ സഹായത്തോടെ വിവിധ റെസിപ്പികള്‍ ടിക്ക് ടോക്കിലൂടെ പരിചയപ്പെടുത്താന്‍ തുടങ്ങി. പക്ഷെ പോപ്പിയുടെ വിഡിയോകള്‍ അധികമാരും ശ്രദ്ധിച്ചതേയില്ല. എന്നാല്‍ ഒരു ദിവസം പോപ്പി ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കി. ആ വിഡിയോ ഹിറ്റായി. പത്ത് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ആ പാചക വിഡിയോ കണ്ടു.
പിന്നീട് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മറ്റ് പല വിവഭങ്ങളും പോപ്പി ഉണ്ടാക്കി. എല്ലാ വിഡിയോകള്‍ക്കും കാഴ്ചക്കാരും ഏറെ. ഉരുളക്കിഴങ്ങ് കൊണ്ടുള്ള സ്പുനട്ടസ് എന്ന പുത്തന്‍ വിഭവത്തേയും പോപ്പി സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി. വിഡിയോകള്‍ ഹിറ്റായതോടെ വലിയ ബ്രാന്‍ഡുകള്‍ പോലും പോപ്പിയുടെ സ്പെഷ്യല്‍ രുചിക്കൂട്ടുകള്‍ക്കായി അവരെ തേടിയെത്തി. ഓണ്‍ലൈന്‍ ഷെഫായി മാറിയ പോപ്പി തന്റെ റെസിപ്പികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
Story highlights: Inspiring life story of Chef Poppy O’Toole