ഭീംല നായകിനും മുണ്ടൂർ മാടന്റെ സംഗീതം- ശ്രദ്ധനേടി അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്റെ ഇൻട്രോ

August 15, 2021

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. തെലുങ്കിൽ ഭീംല നായക് എന്നാണ് അയ്യപ്പനായി എത്തുന്ന പവന്റെ പേര്. ഇപ്പോൾ ഭീംല നായകിന്റെ ഇന്ട്രോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മലയാളത്തിൽ മുണ്ടൂർ മാടനായി ബിജു മേനോൻ എത്തുന്ന സീനിലെ അതെ സംഗീതമാണ് തെലുങ്കിലും. ഇൻട്രോ സോംഗിനൊപ്പം ഡാനിയേൽ ശേഖർ എന്നാണ് പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ പേര് എന്നും വെളിപ്പെടുത്തുന്നുണ്ട്. ഡാനിയേൽ ശേഖർ ആയി റാണാ ദഗുബാട്ടിയാണ് എത്തുന്നത്.

സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയായി നിത്യ മേനോൻ ആണ് എത്തുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Read More: കാർത്തിയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴകത്തേക്ക്

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. 

Story Highlights- intro song bheemla nayak