ത്രില്ലടിപ്പിക്കാൻ ‘കാപ്പ’ വരുന്നു- ശ്രദ്ധനേടി മോഷൻ പോസ്റ്റർ

August 18, 2021

പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും ഒന്നിക്കുന്ന കാപ്പ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ എത്തി. വേണു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ആസിഫ് അലി, അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥയാണ് കാപ്പ പങ്കുവയ്ക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മാണ പങ്കാളിയാവുന്ന ആദ്യ ചലച്ചിത്ര നിര്‍മ്മാണ സംരംഭമാണ് കാപ്പ. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്‍റെ ഭാഗമായി ഡോള്‍വിന്‍ കുര്യാക്കോസിന്‍റെ തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

Read More: സംവിധാനരംഗത്തേക്ക് ചുവടുവെച്ച് അനൂപ് പന്തളം; ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ഒരുങ്ങുന്നു

സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദയ മുന്നറിയിപ്പ് കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ വേണു. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ രാച്ചിയമ്മയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Story highlights- kaappa motion poster