സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ഞായറാഴ്ച ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചു
കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. പുതിയ തീരുമാനപ്രകാരം ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്വാതന്ത്ര്യദിനം, ഓണം എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ രോഗവ്യാപന തോത് അനുസരിച്ച് ചില ഇടങ്ങളില്‍ നിലവിലേതുപോലെയുള്ള നിയന്ത്രണങ്ങള്‍ തുടരും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിലായിരിക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍. മൈക്രോ കണ്ടെന്‍മെന്‍റ് സോണുകളുടെ അടിസ്ഥാനത്തിലാണ് നിയന്തരണങ്ങള്‍ നടപ്പിലാക്കുക. 100 മീറ്റര്‍ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അതില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാകും. ഇവിടങ്ങളില്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും.
അതേസമയം കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി. 1,59,335 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,72,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Story highlights: Kerala Sunday lockdown removed