കെജിഎഫ് 2- തിയേറ്റര്‍ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

August 22, 2021
KGF Chapter 2 release date announced officially

ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2022 ഏപ്രില്‍ 14 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കെജിഎഫിന്റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രംകൂടിയാണ് കെജിഎഫ്. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

2018 ഡിസംബറിലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേയ്ക്കെത്തിയത്. അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൃഥ്വിരാജും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പൃഥ്വിരാജും പങ്കുവെച്ചിട്ടുണ്ട്.

Story highlights: KGF Chapter 2 release date announced officially