‘തീർക്കേണ്ട കണക്ക് തീർത്തിട്ടേ ഞാൻ പോകൂ’- ദുരൂഹത നിറച്ച് ‘കുരുതി’ ട്രെയ്‌ലർ

August 4, 2021

പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങിയ ചിത്രമാണ് കുരുതി. ആഗസ്റ്റ് പതിനൊന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുരുതിയുടെ ട്രെയ്‌ലർ എത്തി. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതാണ് ട്രെയ്‌ലർ. ആക്ഷനും ക്രൈമും ചേർന്ന് ഒരു ത്രില്ലർ ചിത്രമായാണ് കുരുതി പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്.

അതേസമയം,ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ, മീന സാഗർ, കല്യാണി പ്രിയദർശൻ, കനിഹ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങുന്നത്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. 

Read More: സന്ദർശകൻ ഉപേക്ഷിച്ച സൺഗ്ലാസ് ധരിക്കാനുള്ള ഒറാങ് ഉട്ടാന്റെ രസകരമായ ശ്രമം- വിഡിയോ

പൃഥ്വിരാജ് സുകുമാരൻ നായകനായി ഏറ്റവും അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം കോൾഡ് കേസാണ്. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സത്യജിത്തായി പൃഥ്വിരാജ് വേഷമിട്ട ചിത്രത്തിമാണ് കോൾഡ് കേസ്.

Story highlights- kuruthi trailer