സഹോദരനെ മരണം കവര്‍ന്നു; തളരാതെ വീണ്ടും പ്രയത്നിച്ചു; അങ്ങനെ ആ ഗ്രാമത്തില്‍ ഒരു റോഡുണ്ടായി
ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നവര്‍. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിസ്വാര്‍ത്ഥമായ സേവനം അനേകര്‍ക്കായി സമര്‍പ്പിക്കുന്നവര്‍…. ഹരിഹര്‍ ബെഹ്റ എന്ന മനുഷ്യനും സമൂഹത്തില്‍ വേറിട്ടു നില്ക്കുന്നു. ഒരു ഗ്രാമത്തിന് മുഴുവന്‍ റോഡുണ്ടാക്കി നല്കിയ വ്യക്തിയാണ് അദ്ദേഹം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും അദ്ദേഹത്തിന്റെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ് ആ ഗ്രാമത്തില്‍ റോഡുണ്ടായത്.
ഒഡിഷയിലെ തുളുമ്പി ഗ്രാമത്തിലാണ് അദ്ദേഹം റോഡുണ്ടാക്കിയത്. അതും മുപ്പത് വര്‍ഷങ്ങള്‍ക്കൊണ്ട്. മൗണ്ടന്‍ മാന്‍ ഹരിഹര്‍ എന്നണ് ഹരിഹര്‍ ബെഹ്റ അറിയപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിഹര്‍ തന്റെ ഇരുപതാം വയസ്സില്‍ ആരംഭിച്ചതാണ് റോഡ് നിര്‍മാണം. ഗ്രാമത്തില്‍ മികച്ച റോഡ് ഇല്ലാത്തതിനാല്‍ സഹോദരന് കൃഷ്ണനൊപ്പം റോഡ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഹരിഹര്‍ ബെഹ്റ. ഗ്രാമത്തില്‍ റോഡ് ഇല്ലാതിരുന്നതിനാല്‍ കാട്ടിലൂടെ ഏറെ സഞ്ചരിക്കേണ്ടി വന്നിരുന്നു ഗ്രാമവാസികള്‍ക്ക്.
Read more: ഇത്രയും ക്യൂട്ട് ആയൊരു റാംപ് വാക്ക് കണ്ടിട്ടുണ്ടാകില്ല- രസകരമായൊരു കാഴ്ച
നിരവധിപ്പേരെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് ഹരിഹര്‍ ഈ ഉദ്യമം സ്വയം ഏറ്റെടുത്തത്. അങ്ങനെ ആ സഹോദരങ്ങള്‍ ഒരു ചുറ്റികയും തൂമ്പയുമായി ഇറങ്ങി. വര്‍ഷങ്ങളുടെ അധ്വാനം വേണ്ടിവന്നു അദ്ദേഹത്തിന് റോഡ് നിര്‍മിക്കാന്‍. പകല്‍ സമയത്ത് കൃഷി ചെയ്തിരുന്ന സഹോദരങ്ങള്‍ വൈകുന്നേരമാണ് റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. കാട് വെട്ടിത്തെളിച്ചും കല്ലുകളും പാറകളും ഇടിച്ചുപൊട്ടിച്ചും എല്ലാമായിരുന്നു റോഡ് നിര്‍മാണം.
ഇതിനിടെയില്‍ സഹോദരന് കൃഷ്ണനെ മരണം കവര്‍ന്നു. എങ്കിലും തളര്‍ന്നില്ല ഹരിഹര്‍. അദ്ദേഹം ഒറ്റയ്ക്ക് തന്റെ പ്രയത്നം തുടര്‍ന്നു. അങ്ങനെ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഗ്രാമത്തില്‍ റോഡായി. കാറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും വരെ ഈ റോട്ടിലൂടെ പോകാം. റോഡ് ആയതോടെ അതുമായി ബന്ധപ്പെട്ട മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമത്തില്‍ അധികൃതര്‍ തുടക്കം കുറച്ചിട്ടുണ്ട്. എന്തായാലും ഹരിഹര്‍ ബെഹ്റയുടെ പോരാട്ടവും കഠിനാധ്വാനവും തന്നെയാണ് ഈ റോഡിന് പിന്നില്‍.
Story highlights: Life Story of Odisha’s ‘Mountain Man’