‘ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്’- മമ്മൂട്ടി
പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിന്റെ വല്യേട്ടനായി നിലകൊള്ളുന്ന നടനാണ് മമ്മൂട്ടി. പ്രായം എഴുപതിനോട് അടുക്കുമ്പോഴും സ്ക്രീനിലും ജീവിതത്തിലും അദ്ദേഹം ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ്. എന്നാൽ ഇപ്പോൾ ആദ്യമായി താൻ അനുഭവിക്കുന്ന ശാരീരിക പ്രതിസന്ധികളെ കുറിച്ച് മനസു തുറക്കുകയാണ് മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ സന്ധിമാറ്റിവയ്‌ക്കൽ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് അദ്ദേഹം മനസുതുറന്നത്.
‘ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. മാറ്റിയാൽ എന്റെ കാൽ ഇനിയും ചെറുതാകും. പിന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്തെങ്കിലും ഇതൊക്കെ വളരെ എളുപ്പമാകട്ടെ’- മമ്മൂട്ടിയുടെ വാക്കുകൾ.
കൊവിഡ് കാലത്ത് മമ്മൂട്ടി പൊതുപരിപാടികളിൽ ഒന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രാധാന്യം മനസിലാക്കിയാണ് ഈ ചടങ്ങിൽ പങ്കെടുത്തത് എന്ന് അദ്ദേഹം പറയുന്നു. അതേസമയം, മമ്മൂട്ടി ഭീഷ്മപർവ്വം എന്ന സിനിമയുടെ ഒരുക്കത്തിലാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപർവ്വം.
Story highlights- mammootty about his ligament problem