’55 അവിസ്മരണീയമായ സിനിമകളിൽ ഒന്നിച്ച് വേഷമിട്ടു, അഭിനന്ദനങ്ങൾ ഇച്ചാക്ക’- മോഹൻലാലിന്റെ വാക്കുകൾ

August 6, 2021

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് അൻപതുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. അദ്ദേഹം ആദ്യമായി അഭിനയിച്ച അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രം ബിഗ്‌സ്‌ക്രീനിൽ എത്തിയത് 1971 ആഗസ്റ്റ് ആറിനായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണെങ്കിലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ഇതായിരുന്നു.

5 പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിൽ, മമ്മൂട്ടി രാജ്യം കണ്ട ഏറ്റവും മികച്ച സിനിമകളുടെ ഭാഗമായി.കൂടാതെ സിനിമാപ്രേമികൾക്കിടയിൽ വളരെ ഉയർന്നൊരു പദവിയും നേടി. മലയാള സിനിമയെ സമ്പന്നമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മമ്മൂട്ടി ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകളും നൽകി. ഇപ്പോഴിതാ, മമ്മൂട്ടിക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മറ്റൊരു ഇതിഹാസ താരമായ മോഹൻലാൽ.

‘ഇന്ന്, എന്റെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടുകയും ഇനിയും അതിലേറെ കാര്യങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ ഇച്ചാക്ക!’- മോഹൻലാലിൻറെ വാക്കുകൾ.

മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ മോഹൻലാലിനെ പരാമർശിക്കാതിരിക്കുക അസാധ്യമാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ട് സൂപ്പർ താരങ്ങളാണ് ഇവർ. ആരാധകർ പലപ്പോഴും അവരുടെ പേരിൽ കൊമ്പുകോർത്താലും ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ‘പടയോട്ടം’ മുതൽ ‘ട്വന്റി: 20’ വരെ 55 സിനിമകളിൽ ഇരുവരും സ്ക്രീൻ പങ്കിട്ടു.

Read More: ഗൗതം മേനോനും സിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രം; ഗംഭീര മേക്കോവറിൽ സിമ്പു

‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിനായാണ് മമ്മൂട്ടി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തിയത്. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, പ്രേം നസീർ, ഷീല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജൂനിയർ ആർട്ടിസ്റ്റായിരുന്നു മമ്മൂട്ടി.

Story highlights- mohanlal appreciating mammootty