ടീം ഇന്ത്യ മെഡൽ തിളക്കത്തിൽ ഹോക്കി പ്രതാപം തിരികെ നേടുമ്പോൾ അഭിമാനമായി മലയാളിയായ പി ആർ ശ്രീജേഷ്
ഉജ്ജ്വല നേട്ടമാണ് നീണ്ട നാല്പത്തൊന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്സ് വേദിയിൽ വെങ്കല നേട്ടത്തിലാണ് രാജ്യം. . ടോക്യോ ഒളിമ്പിക്സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യയുടെ പുരുഷ ടീം വെങ്കലം നേടിയത്. 1980ൽ നടന്ന മോസ്കൊ ഒളിമ്പിക്സിലാണ് ഇതിനു മുൻപ് ഇന്ത്യ മെഡൽ നേടിയത്. ഈ മെഡൽ നേട്ടത്തിൽ മലയാളിയേക്കൾക്കും അഭിമാനിക്കാം. കാരണം, ടീം ഇന്ത്യയുടെ നിർണായക വിജയത്തിന് പങ്കുവഹിച്ചത് മലയാളിയായ ശ്രീജേഷ് ആണ്. അഭിനന്ദന പ്രവാഹമാണ് ഈ താരത്തിന് ലഭിക്കുന്നത്.
2006 ലെ കൊളംബോയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ സീനിയർ അരങ്ങേറ്റം മുതൽ, പി ആർ ശ്രീജേഷ് ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ ഒരു വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ 41 വർഷത്തെ ഇരുണ്ട അധ്യായം മറികടന്ന ടീമിന്റെ പ്രധാന ഭാഗമായിരുന്നു 35 കാരനായ ശ്രീജേഷ്. ജർമ്മനിക്കെതിരായ വെങ്കല മെഡൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരവധി സേവുകൾ അദ്ദേഹം പുറത്തെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ഇങ്ങനെ; ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിൻ്റെ അഭിമാനമായി മാറി. ശ്രീജേഷിൻ്റെ മികവാർന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിൻ്റെ മാറ്റ് വീണ്ടും കൂട്ടുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇന്ത്യൻ ഹോക്കി ടീമിന് ഈ വിജയം പ്രചോദനമാകട്ടെ.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമത്തിൽ ജനിച്ച ശ്രീജേഷ് ലോംഗ് ജമ്പിലേക്കും വോളിബോളിലേക്കും എത്തുന്നതിന് മുൻപ് കുട്ടിക്കാലത്ത് ഒരു സ്പ്രിന്ററായി പരിശീലനം നേടിയിരുന്നു. ഹോക്കിയിൽ ഗോൾകീപ്പിംഗിലേക്ക് ശ്രദ്ധതിരിച്ചത് പന്ത്രണ്ടാം വയസിലാണ്.
2014 ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡലിലേക്കുള്ള ഇന്ത്യയുടെ നേട്ടത്തിലെ താരമായിരുന്നു ശ്രീജേഷ്. ഫൈനലിൽ പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകളാണ് ശ്രീജേഷ് സംരക്ഷിച്ചത്. ആ വർഷം അവസാനം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ടൂർണമെന്റിന്റെ ഗോൾകീപ്പറായി ശ്രീജേഷിനെ തിരഞ്ഞെടുത്തു.
മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും ഹോക്കി ടീമിനും ശ്രീജേഷിനും അഭിനന്ദനം അറിയിച്ചു. ‘ടോക്യോ ഒളിംപിക്സ് ഇന്ത്യയ്ക്കൊപ്പം കേരളത്തിൻ്റെയും കായിക ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ്. 41 വർഷത്തിനിപ്പുറം ടോക്യോയിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടുമ്പോൾ മലയാളികൾക്കും അഭിമാനിക്കാനേറെയാണ്. മാന്വൽഫ്രെഡറികിന് ശേഷം പതിറ്റാണ്ടുകൾക്കിപ്പുറം പി ആർ ശ്രീജേഷിലൂടെ ഒളിംപിക്സ് ഹോക്കി മെഡൽ കേരളത്തിലേക്കും എത്തുന്നു. ജർമനിയുടെ 13 പെനാൽടി കോർണറുകളിൽ 12 എണ്ണത്തിനും ശ്രീജേഷ് എന്നവൻ മതിലിനു മുന്നിൽ ഗോൾ വല കുലുക്കാതെ അവസാനിക്കേണ്ടി വന്നു. ഇന്ത്യ ഹോക്കിയുടെ പഴയ പ്രതാപകാലത്തേക്ക് തിരിച്ച് നടക്കുമ്പോൾ മലയാളിയായ ശ്രീജേഷ് ആ മുന്നേറ്റത്തിന് വഴിതെളിക്കുന്നുവെന്നതും അഭിമാനകരമാണ്.ഇന്ത്യൻ കായികലോകത്തിനൊപ്പം മലയാളികളുടെയും സന്തോഷത്തിലും ആഘോഷത്തിലും പങ്ക് ചേരുന്നു. ഒപ്പം മെഡൽ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന വനിതാ ടീമിനും ആശംസകൾ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ’.- ഷൈലജ ടീച്ചറുടെ വാക്കുകൾ.
Story highlights-PR Sreejesh india hockey bronze medal