ഗുസ്തിയില്‍ വെള്ളിത്തിളക്കവുമായി രവി കുമാര്‍

കായികലോകത്ത് ടോക്യോ ഒളിമ്പിക്സിന്റെ ആവേശം നിറയുകയാണ്. മെഡല്‍ത്തിളക്കത്തോടെ ഇന്ത്യന്‍ താരങ്ങളും ടോക്യോയില്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തുന്നു. കൊവിഡ് 19 എന്ന മഹാമാരി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഒളിമ്പിക്സ് പുരോഗമിക്കുന്നതെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല.
മറ്റൊരു മെഡല്‍ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രവി കുമാര്‍ ദഹിയ ഗുസ്തിയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ പോരാട്ടവീര്യം ചോരാതെ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും താരത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. എന്നാല്‍ പൊരുതി നേടിയ ഈ വെള്ളിക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ട്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം രവി കുമാര്‍ വെള്ളി നേടിയത്.
ടോക്യോ ഒളിമ്പിക്സിലെ ഗുസ്തി ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് ഇത്. റഷ്യന്‍ ഒളിമ്പിക് കമ്മറ്റി താരം സോര്‍ ഉഗ്യുവിനോടാണ് രവി കുമാര്‍ പൊരുതി തോറ്റത്. 7-4 നാണ് റഷ്യന്‍ താരത്തിന്റെ വിജയം. ടോക്യോയില്‍ ഇതുവരെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലാണ് ഇന്ത്യ നേടിയിരിക്കുന്നത്.
Story highlights: Ravi Kumar Dahiya Wrestling Tokyo Olympics 2020