‘ഞാൻ ചെയ്തതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണ് ഇബ്രാഹിം’- ‘കുരുതി’ സിനിമയെക്കുറിച്ച് പങ്കുവെച്ച് റോഷൻ മാത്യു

August 17, 2021

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ മുതൽ ചർച്ചയായിരിക്കുകയാണ് കുരുതി എന്ന ചിത്രം. റോഷൻ മാത്യുവും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ഇരുവരുടെയും പ്രകടനത്തിന് ലഭിക്കുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഒട്ടേറെ മികച്ച വേഷങ്ങൾ അവതരിപ്പിക്കാൻ റോഷന് സാധിച്ചു. അതിൽ ഏറ്റവും സങ്കീർണ്ണമായതാണ് കുരുതിയിലെ വേഷം എന്ന് പറയുകയാണ് റോഷൻ മാത്യു.

‘ഞാൻ ചെയ്തതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണ് ഇബ്രാഹിം. എനിക്ക് അഭിനയിക്കാൻ കഴിഞ്ഞതിനേക്കാൾ കൂടുതൽ അവനുണ്ട്. എന്നാൽ സാധ്യമായത് ഞാൻ അവതരിപ്പിച്ചു. എനിക്കായി എഴുതിയതിന് അനീഷ് പള്ളിയാലിന് നന്ദി. എന്നിൽ വിശ്വസിക്കുന്നതിനും എന്നെക്കാൾ എന്റെകാര്യത്തിൽ ആത്മവിശ്വാസം ഉള്ളതിനും നന്ദി പൃഥ്വിരാജ്. എന്നെ മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി മനുവാര്യർ.
.
ഏറ്റവും പ്രധാനമായി, സിനിമ കാണുകയും അഭിനന്ദിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാം വളരെയധികം സ്നേഹവും നന്ദിയും. നിങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉയരുകയും ഉയർന്ന നിലവാരത്തിലേക്ക് നമ്മെത്തന്നെ നിലനിർത്താൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തവരോട് നന്ദി. പ്രചോദനം നൽകിയതിനും തുടരാൻ ആവശ്യമായ ശക്തിയും കാരണങ്ങളും നൽകിയതിന് നന്ദി’- റോഷന്റെ വാക്കുകൾ.

Read More: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 25,166 പേര്‍ക്ക്

ആക്ഷനും ക്രൈമും ചേർന്ന് ഒരു ത്രില്ലർ ചിത്രമായാണ് കുരുതി പ്രേക്ഷകരിലേക്ക് എത്തുന്നത്. സമൂഹത്തിൽ വളരെ പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ഷൈൻ ടോം ചാക്കോ, ശ്രിന്ദ, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്.

Story highlights- roshan mathew about kuruthi