നൃത്തംചെയ്തുകൊണ്ട് കാലുകളാൽ മോഹൻലാലിൻറെ മുഖം വരച്ച് അതുല്യ കലാകാരി- വിഡിയോ
വൈവിധ്യമാർന്ന കഴിവുകളിലൂടെ മലയാളികളെ അമ്പരപ്പിച്ച ഒട്ടേറെ കലാകാരന്മാരും കലാകാരികളുമുണ്ട്. ജന്മസിദ്ധമായ കഴിവുകൾക്ക് കൂടുതൽ പകിട്ട് നൽകി ശ്രദ്ധേയരാകുന്നവരുടെ പട്ടികയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ്. നൃത്തത്തിലും ചിത്രരചനയിലും അഗ്രഗണ്യയായ അശ്വതി നൃത്തം ചെയ്തുകൊണ്ട് കാളുകളാലാണ് ചിത്രം വരയ്ക്കുന്നത്. ഒരുമണിക്കൂറോളം എടുത്ത് ഫഹദ് ഫാസിലിന്റെ ചിത്രം വരച്ചാണ് അശ്വതി ശ്രദ്ധനേടിയത്. ഇപ്പോഴിതാ, നമസ്കാരം ഫ്ളവേഴ്സ് എന്ന പരിപാടിയിൽ മോഹൻലാലിൻറെ മുഖം കാലുകളാൽ വരയ്ക്കുകയാണ് അശ്വതി കൃഷ്ണ.
കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ മനോഹരമായ ഗാനത്തിനൊപ്പം മോഹൻലാലിൻറെ സ്ഫടികം ലുക്കാണ് അശ്വതി നമസ്കാരം ഫ്ളവേഴ്സിൽ പ്രേക്ഷകർക്കായി വരയ്ക്കുന്നത്. ഗ്രാഫിൽ ഔട്ട്ലൈൻ കൊടുത്തതിന് ശേഷമാണ് അശ്വതി അക്രിലിക് പെയിന്റ് ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത്. കറുത്ത അക്രിലിക് പെയിന്റ് മാത്രമാണ് ചിത്രം വരയ്ക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം, അശ്വതി കലാകുടുംബത്തിൽ നിന്നുമാണ് എത്തുന്നത്. ഡാവിഞ്ചി സുരേഷ് എന്ന അതുല്യ കലാകാരന്റെ മുതിർന്ന സഹോദരന്റെ മകളാണ് അശ്വതി കൃഷ്ണ. അച്ഛൻ ഡാവിഞ്ചി ഉണ്ണിയും മകൾക്കൊപ്പം നമസ്കാരം ഫ്ളവേഴ്സിന്റെ ഭാഗമായി. ഡാവിഞ്ചി കുടുംബത്തിൽ നിന്നും ആദ്യമായി കലാരംഗത്തേക്ക് എത്തിയത് ഉണ്ണികൃഷ്ണൻ എന്ന ഡാവിഞ്ചി ഉണ്ണി ആണ്. എൽ എൽ ബി നാലാംവർഷ വിദ്യാർത്ഥിനിയാണ് അശ്വതി കൃഷ്ണ.
Story highlights- aswathy krishna drawing with dance