‘ഓരോ ദിവസവും ആ ചോദ്യത്തിന്റെ ഭാരം അറിയുന്നുണ്ട്’- രമേഷ് പിഷാരടിയുടെ പോസ്റ്റിനെക്കുറിച്ച് അധ്യാപികയുടെ കുറിപ്പ്
രസകരമായ ക്യാപ്ഷനുകളിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന ഹാസ്യ രാജാവാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ അതുകൊണ്ടുതന്നെ വളരെവേഗം ശ്രദ്ധ നേടാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം രമേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റ് ചിരിയേക്കാളേറെ ചിന്തിപ്പിക്കുന്നതായിരുന്നു. പരിചയപെടുമ്പോൾ “എന്ത് ചെയ്യുന്നു”എന്ന് പലരും ചോദിക്കുന്നത് എത്ര ബഹുമാനിക്കണം എന്നു തീരുമാനിക്കാനാണ് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
വളരെയധികം പേർ ഏറ്റെടുത്ത ഈ ഫേസ്ബുക്ക് പോസ്റ്റ് സത്യത്തിൽ പലരുടെയും അനുഭവം കൂടിയാണ്. ഇപ്പോഴിതാ നിഷ മഞ്ചേഷ് എന്ന അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. രമേഷ് പിഷാരടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് നിഷ മഞ്ചേഷ് അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്;
സത്യം പറഞ്ഞാൽ ഇത്രേം ഹൃദയം തൊട്ടൊരു വാചകം ഞാൻ കേട്ടിട്ടില്ല.. ഓരോ ദിവസവും ആ ചോദ്യത്തിന്റെ ഭാരം അറിയുന്നത് കൊണ്ടാവും ചിലപ്പോൾ. പുതിയൊരു നാട്ടിൽ വന്നു ജീവിക്കുമ്പോൾ ആയാലും ജനിച്ചു വളർന്ന നാട്ടിലേക്ക് ചെല്ലുമ്പോൾ ആയാലും എത്ര വിശദീകരിച്ചാലാണ് ഒന്ന് നേരെ നിന്ന് പോകാൻ പറ്റുന്നത്…ടീച്ചറായിരുന്നു..കൊവിഡ് വന്നപ്പോ ജോലി വിടേണ്ടി വന്നതാണ്.. നാട്ടിൽ വന്നിട്ട് ജോലി കിട്ടിയില്ല(അപ്പോൾ നീ അത്ര നല്ല ടീച്ചർ ഒന്നുമല്ല ,കട്ടായം), ഇപ്പൊ ഓൺലൈൻ കോച്ചിങ് എടുക്കുവാണ്(ഓഹ് ട്യൂഷൻ ടീച്ചറാണ് ല്ലേ) . അതേ ഇപ്പോൾ ട്യൂഷൻ ടീച്ചർക്ക് ഉള്ള ബഹുമാനം മാത്രേ കിട്ടുന്നുള്ളൂ, മുൻപ് ഇന്ത്യയിലെ തന്നെ മികച്ച സ്കൂളുകളുടെ ലിസ്റ്റിൽ ഉള്ള വീരേന്ദ്ര സ്വരൂപിലെ ടീച്ചർക്ക് കിട്ടേണ്ട ബഹുമാനം ഒട്ടും കൂടാതെ കിട്ടുമായിരുന്നു, കാൻപൂരിൽ. നാട്ടിൽ അപ്പോഴും ആർക്കും പോയി ടീച്ചർ ആകാവുന്ന യു പിയിലെ ടീച്ചർ ആയിരുന്നു. ബഹുമാനിക്കാൻ കാരണം തേടുന്നതല്ല ആരും, പുച്ഛിക്കാനും അവഗണിക്കാനുമുള്ള സാധ്യത പരിഗണിക്കുന്നതാണ്.
Story highlights- teacher about ramesh pisharody’s facebook post