വിജയ് സേതുപതിക്കൊപ്പം തപ്‌സി പന്നു; ‘അനബൽ സേതുപതി’ ഒരുങ്ങുന്നു

August 27, 2021

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി, താരത്തിനൊപ്പം തപ്‌സി പന്നു നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘അനബൽ സേതുപതി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്. നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സെപ്റ്റംബര്‍ 17-നാണ് റിലീസ്. വിജയ് സേതുപതിക്കും തപ്‌സി പന്നുവിനും പുറമെ യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് വിജയ് സേതുപതി. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് തുഗ്ലക്ക് ദര്‍ബര്‍. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാലന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബാലാജി തരണീതരന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മം ഇഴചേര്‍ത്ത ഫാന്റസി ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍.

Read also:രാജ്യത്ത് സ്ഥിരീകരിച്ചത് 44,658 പുതിയ കൊവിഡ് കേസുകൾ, ഏറ്റവുമുയർന്ന പ്രതിദിന കണക്ക് കേരളത്തിൽ

കമൽ ഹാസനും ഫഹദ് ഫാസിലിനുമൊപ്പം വിജയ് സേതുപതി വേഷമിടുന്ന ചിത്രമാണ് വിക്രം. ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. ഹിന്ദി ചിത്രം ‘ഹസീന്‍ ദില്‍റുബ’യാണ് തപ്‍സിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

Story highlights: vijay sethupathi and taapsee pannu joins together