രജനികാന്തിന്റെ അണ്ണാത്തെ പ്രേക്ഷകരിലേക്ക്; നവംബർ നാലുമുതൽ
തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചലച്ചിത്രതാരം രജനീകാന്തിന്. താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിതാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം രജനീകാന്തും സിരുത്തൈ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം നവംബർ നാല് മുതൽ പ്രേക്ഷകരിലേക്കെത്തും.
Read also: അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു; ഇന്ന് വിജയങ്ങളുടെ നെറുകയിലെത്തിയ പത്ത് വയസുകാരി
ചിത്രത്തിൽ രജനീകാന്തിനൊപ്പം നയൻതാര കീർത്തി സുരേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവർക്ക് പുറമെ മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിലും വില്ലൻ വേഷത്തിൽ എത്തിയിരുന്നു.
Read also: ‘ആയിഷ’യായി മഞ്ജു വാര്യർ; ആദ്യ മലയാള-അറബിക് ചിത്രം ഒരുങ്ങുന്നു
നേരത്തെ റാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ച അണ്ണാത്തെ കൊവിഡിന്റെ പാശ്ചാത്തലത്തിൽ ആദ്യം മാറ്റിവെച്ചിരുന്നു. പിന്നീട് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ വിശേഷങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
Story Highlights: Actor Rajinikanth Annaatthe first look