പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്

July 29, 2021

നഗരത്തിന്റെ തിരക്കുകളിലേക്കും ഫ്ലാറ്റുകളിലേക്കുമൊക്കെ താമസം മാറ്റുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾക്ക് മിസ് ചെയ്യുന്നത് ഗ്രാമത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെയാണ്. ശുദ്ധവായു ശ്വസിക്കാൻ ഒരു മരം പോലുമില്ലെന്ന് പരാതി പറയുന്നവരും നിരവധിയുണ്ട്. എന്നാൽ ഇത്തരം പരാതികൾക്കൊക്കെ പരിഹാരമാകുകയാണ് ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റ്. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റാണ് ബാംഗ്ലൂരിലെ ഈ ഫ്ലാറ്റിൽ ഉയരുന്നത്. ഇറ്റാലിയൻ ആർക്കിടെക്റ്റ് സ്‌റ്റെഫാനോ ബോവേരിയാണ് ആദ്യമായി വെർട്ടിക്കൽ ഫോറസ്റ്റ് എന്ന ആശയം പങ്കുവെച്ചത്. ഇറ്റലിയിലെ മിലനിൽ അദ്ദേഹം നിർമിച്ച വെർട്ടിക്കൽ ഫോറസ്റ്റാണ് ലോകത്തിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്.

ഇപ്പോഴിതാ ആദ്യമായി ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ് വെർട്ടിക്കൽ ഫോറസ്റ്റ് എന്ന ആശയം. ബാംഗ്ലൂരിലെ സർജാപൂരിലാണ് മനോഹരമായ മരങ്ങളാൽ നിറഞ്ഞ ഫ്ലാറ്റിലെ വനം ഒരുങ്ങിയിരിക്കുന്നത്. പതിനാല് നിലകളിലായി ഒരുങ്ങിയ ഫ്ലാറ്റിലാണ് ഈ വെർട്ടിക്കൽ വനം എന്നതും ഏറെ ശ്രദ്ധേയം. അപ്പാർട്ട്മെന്റുകളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഓരോ കുടുംബങ്ങൾക്കും മരങ്ങൾ നട്ട് പിടിപ്പിക്കാം. രണ്ട് മുതൽ അഞ്ച് വരെ മരങ്ങളാണ് ഓരോ കുടുംബത്തിനും വെച്ചുപിടിപ്പിക്കാൻ അനുവദിച്ചിട്ടുള്ളത്. മനാ ഫോറസ്റ്റാ എന്നാണ് ഈ വനത്തിന് പേര് നൽകിയിരിക്കുന്നത്.

Read also: ‘ആദ്യം വിസമ്മതിച്ച ആ കൂടിക്കാഴ്ച’; മൈക്കൽ ജാക്സനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് മനസുതുറന്ന് എ ആർ റഹ്മാൻ

അതേസമയം ഇത്തരം മരങ്ങളുടെ വേരുകൾക്ക് ആഴത്തിൽ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാത്തതിനാൽ ഇവ ശക്തമായ കാറ്റിലോ മറ്റോ കടപുഴകി വീഴാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരം അപകടസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അതിനെതിരെയുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. വൃക്ഷങ്ങളുടെയും കെട്ടിടത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിൻഡ് ഡിസലറേറ്റർ എന്ന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.

Story highlights: indias first vertical forest