തിയേറ്ററിലും ഒടിടിയിലും ഒരേദിനം- ‘ ഹൈബ്രിഡ് റിലീസ്’-ന് ഒരുങ്ങി പൃഥ്വിരാജ് നായകനായ ഭ്രമം

തിയേറ്ററിലും ഒടിടി- യിലും ഒരേദിവസം റിലീസ് ചെയ്യുന്ന ഹൈബ്രിഡ് റിലീസ് മാതൃക മലയാളത്തിലേക്കും എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ ഭ്രമം എന്ന സിനിമയാണ് ഒരേദിനം തിയേറ്ററിലെ ഒടിടി-യിലും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഹോളിവുഡിലും ബോളിവുഡിലും മുൻപ് തന്നെ സ്വീകരിക്കപ്പെട്ട രീതിയാണ് ഇത്.
യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ നടൻ പൃഥ്വിരാജ് മാധ്യമങ്ങളോട് പങ്കുവെച്ചതാണ് ഹൈബ്രിഡ് റിലീസിനെക്കുറിച്ച്. ഭ്രമം ജിസിസി-യിൽ തിയേറ്റർ റിലീസും മറ്റു പ്രദേശങ്ങളിൽ ഒടിടി റിലീസുമാണ് എന്നും ഇതിലൂടെ പ്രേക്ഷകരോട് നമ്മൾ പറയുകയാണ്, ‘സിനിമ ലഭ്യമാണ്, എവിടെയാണ് നിങ്ങൾക്കത് കാണാൻ താല്പര്യം’ എന്ന്. അതോടൊപ്പം ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുമെന്നും ആമസോണിലാണ് ഒടിടി റിലീസ് എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.
ജനപ്രിയ ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ ഭ്രമത്തിലൂടെ സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ്. ബോളിവുഡ് ചിത്രമായ ‘അന്ധാദുൻ’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന കൈകാര്യം ചെയ്ത കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു. മംമ്ത മോഹൻദാസും റാഷി ഖന്നയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More: ‘സംതൃപ്തികരമായ ഒരു യാത്ര’- ‘സല്യൂട്ട്’ ടീമിനെ കുറിച്ച് ജേക്സ് ബിജോയ്
രവി കെ ചന്ദ്രൻ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അവാർഡ് ജേതാവ് ശ്രീകർ പ്രസാദാണ് എഡിറ്റർ. ജെയ്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. സുരഭി ലക്ഷ്മി, അനന്യ, ശങ്കർ, ജഗദീഷ്, സുധീർ കരമന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Story highlights- bhramam movie hybrid release update