ദൃശ്യം റീമേക്ക് ഇന്തൊനേഷ്യന്‍ ഭാഷയിലും
ചലച്ചിത്രലോകത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ചിത്രം ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടി. നാല് ഇന്ത്യന്‍ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ദൃശ്യം മറ്റൊരു ഭാഷയിലേയ്ക്ക് കൂടി റീമേക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്തൊനേഷ്യന്‍ ഭാഷിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം ഇന്തൊനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതും. ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍
ഇന്തൊനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്തൊനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹന്‍ലാല്‍ സര് അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു.
Story highlights: Drishyam, First Malayalam Movie to Remake in Indonesian Language