‘ദൃശ്യം 3 വരുമോന്ന് ചോദിച്ചാൽ…’; മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്

May 19, 2022

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ഒരു ചിത്രമാണ് ‘ദൃശ്യം.’ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയം നേടിയ ഒരു ചിത്രം കൂടിയായിരുന്നു. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത ചിത്രം എല്ലാ ഇന്ഡസ്ട്രികളിലും വമ്പൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു.

അത് കൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ലോക്ക്ഡൗൺ സമയത്ത് വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് വലിയ പ്രീ റിലീസ് ഹൈപ്പും ഉണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ ടീം ‘ദൃശ്യം 2’ എന്ന ചിത്രത്തിലൂടെ നൽകിയത്.

‘ദൃശ്യം 2’ ഇറങ്ങി വമ്പൻ വിജയമായ സമയം തൊട്ട് സംവിധായകൻ ജീത്തു ജോസഫ് നേരിട്ടിരുന്ന ഒരു ചോദ്യമാണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമോ എന്നുള്ളത്. ഇപ്പോൾ സംവിധായകൻ തന്നെ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ്.

ഇപ്പോൾ അങ്ങനെ ഒരു ചിന്തയില്ലെന്നും എന്നെങ്കിലും ചിത്രം വരുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. എങ്ങനെയെങ്കിലും ചിത്രത്തിന് ഒരു മൂന്നാം ഭാഗമൊരുക്കാനുള്ള ശ്രമമില്ലെന്നും അതിനുള്ള ആശയം തോന്നിയാൽ മാത്രം അത് സംഭവിക്കുമെന്നും പറഞ്ഞ സംവിധായകൻ ചിത്രത്തെ കുറിച്ചുള്ള ആലോചനകൾ സജീവമാണെന്നും കൂട്ടിച്ചേർത്തു.

Read More: ‘ലാലേട്ടന്റെ ഫാൻ അല്ലേ..’- മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് കനിഹ; വിഡിയോ

അതേ സമയം ട്വല്‍ത്ത് മാനാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. മെയ് 20 നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ലോകമെങ്ങും റിലീസ് ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹൻലാലിന് പുറമെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, ശിവദ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Story Highlights: Jeethu jospeh about drishyam 3