‘എന്റെ എക്കാലത്തെയും മധുര ഗാനമാണ് നീ..’- മകന് പിറന്നാൾ ആശംസിച്ച് ജി വേണുഗോപാൽ
മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് ജി വേണുഗോപാലും മകൻ അരവിന്ദും. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗാനരംഗത്തിൽ പാടി അഭിനയിക്കുകയായിരുന്നു അരവിന്ദ്. അച്ഛൻ വേണുഗോപാലിന്റെ ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി പാടി മകനും വിസ്മയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, പിറന്നാൾ നിറവിലാണ് അരവിന്ദ്. മകന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ പോലെ മനോഹരമായൊരു ആശംസയാണ് ജി വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത്.
‘പിറന്നാൾ ആശംസകൾ മോനു, എന്റെ എക്കാലത്തെയും മധുര ഗാനമാണ് നീ..’ എന്നാണ് മകന് ആശംസയായി ജി വേണുഗോപാൽ കുറിച്ചിരിക്കുന്നത്. അരവിന്ദിന്റെ കുട്ടിക്കാല ചിത്രങ്ങളും ജി വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. മലയാളികൾക്ക് ഹൃദയംതൊടുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വേണുഗോപാൽ. ‘ഉണരൂമീ ഗാനം..’ മുതൽ ‘രാരീ രാരീരം രാരോ..’ വരെ നീളുകയാണ് ഹൃദ്യമായ ആ ഗാനങ്ങൾ. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽ പിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.
Read More: 22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ
അതേസമയം, അച്ഛനും മകനും ചേർന്ന് നിരവധി ഗാനങ്ങൾ ആരംഭിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ‘മായാ മഞ്ചലിൽ..’ എന്ന ഗാനമാണ് ജി വേണുഗോപാൽ മകനൊപ്പം ചേർന്ന് പാടിയതിൽ ഒരു ഗാനം. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിൽ ജി വേണുഗോപലും രാധിക തിലകും ചേർന്ന് ആലപിച്ച ഗാനമാണ് അച്ഛനും മകനും ചേർന്ന് പാടിയത്. മുൻപ്, മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ട് ഇരുവരും ചേർന്ന് ആലപിച്ചതും ശ്രദ്ധേയമായിരുന്നു.
Story highlights- g venugopal’s birthday wishes to son aravind