ഇന്ത്യയിൽ ഓഡിയോ കാസറ്റ് നിർമാണം നിലവിലില്ല; ‘ഹൃദയ’ത്തിനായി കാസറ്റുകൾ ഒരുങ്ങുന്നത് ജപ്പാനിൽ

September 29, 2021

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ അണിയറപ്രവർത്തകർ മുമ്പ് സിനിമയിലൂടെ ഓഡിയോ കാസറ്റ് ടേപ്പുകൾ തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, ഇന്ത്യയിൽ ഓഡിയോ കാസറ്റ് നിർമാണം ഇപ്പോൾ ഇല്ലാത്തതിനാൽ ജപ്പാനിൽ നിന്നുമാണ് കാസറ്റുകൾ എത്തിക്കുന്നതെന്ന് പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ. കുറച്ച് ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡുകളും റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതായി സംവിധായകൻ പങ്കുവയ്ക്കുന്നു.

‘ഇന്ന് തിങ്ക് മ്യൂസിക്കിലെ ടീമിനൊപ്പം നിന്ന് ഒരു ലിസണിംഗ് സെഷൻ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഒരു ഇരുണ്ട മുറിയിൽ ഇരുന്നു, എല്ലാ മാസ്റ്റേർഡ് ട്രാക്കുകളും അവലോകനം ചെയ്തു. നാളെ ഞങ്ങൾ ഫൈനൽ മാസ്റ്റർ റെക്കോർഡ് ലേബലിന് കൈമാറും. ഓഡിയോ കാസറ്റ് നിർമ്മാണം നമ്മുടെ രാജ്യത്ത് കാലഹരണപ്പെട്ടതിനാൽ, ജപ്പാനിലെ ഒരു കാസറ്റ് നിർമ്മാതാക്കളുമായി പങ്കുചേരാനും അവിടെ നിന്ന് പകർപ്പുകൾ ഇറക്കുമതി ചെയ്യാനും തിങ്ക് മ്യൂസിക് തീരുമാനിച്ചു. OST- കൾ ഉൾപ്പെടെ 20 -ലധികം ട്രാക്കുകളുള്ള ഹൃദയത്തിന്റെ ലിമിറ്റഡ് എഡിഷൻ വിനൈൽ റെക്കോർഡ്സ് പുറത്തിറക്കാനും തിങ്ക് മ്യൂസിക് പദ്ധതിയിടുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷമായിരിക്കും ഇത്- വിനീത് ശ്രീനിവാസൻ കുറിപ്പിൽ പറഞ്ഞു.

Read More: 22 മിനിറ്റിൽ 51 കുഞ്ഞുണ്ണി കവിതകൾ; റെക്കോർഡിൽ ഇടംനേടി ഒരു ആറുവയസുകാരി- വിഡിയോ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. 

Story highlights- ‘Heart’ to partner with Japanese cassette makers