‘ഒടുവിൽ അവർ കൂടുതൽ നല്ല സുഹൃത്തുക്കളായി മാറി എന്ന് എനിക്ക് തോന്നി’-തിലകനെയും ഇന്നസെന്റിനെയും വീണ്ടും ഒന്നിപ്പിച്ചതിനെക്കുറിച്ച് പങ്കുവെച്ച് ജിസ് ജോയ്

ഒരിയ്ക്കലും സംഭവിക്കില്ല എന്ന് കരുതുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. അത്തരമൊരു മനോഹരമായ അനുഭവത്തിനു കാരണക്കാരനാകാനും സാക്ഷ്യം വഹിക്കാനും സാധിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ജിസ് ജോയ്. സിനിമയിലെ സംഘടനാ പ്രശ്നത്തിന്റെ പേരിൽ ശത്രുക്കളായി മാറിയ മലയാളത്തിന്റെ പ്രിയ താരങ്ങളെ വീണ്ടും ഒന്നിച്ച് അഭിനയിപ്പിക്കാനും ആ പിണക്കം മാറ്റാനും സാധിച്ച അനുഭവമാണ് ജിസ് ജോയ് പങ്കുവയ്ക്കുന്നത്.
ഇന്നസെന്റിനെയും നടൻ തിലകനെയും ഒന്നിച്ച് അഭിനയിപ്പിച്ച പരസ്യചിത്രത്തിന്റെ മനോഹരമായ ഒരു ഓർമ്മയാണ് ജിസ് ജോയ് പങ്കുവയ്ക്കുന്നത്. തിലകനും ഇന്നസെന്റിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജിസ് ജോയ് കുറിക്കുന്നത്.
ജിസ് ജോയിയുടെ വാക്കുകൾ;
‘ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം ഒരു പരസ്യ ചിത്രം സംവിധാനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ച ദിവസം ഒരിക്കലും മറക്കില്ല..നാദിർഷ ഇക്കയുടെ കഥ. കിലുക്കം സിനിമയിലെ കഥാപാത്രങ്ങൾ. ഒരുമിച്ച് അഭിനയിക്കാൻ ഇരുവരും സമ്മതിക്കാൻ എനിക്ക് വളരെയധികം ശ്രമിക്കേണ്ടിവന്നു. കാരണം ആ സമയത്ത് അവരിലൊരാൾക്ക് അസ്സോസിയേഷൻ അഭിനയിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയിരുന്നു. തുടക്കത്തിൽ അവർ ഇരുവരും ശത്രുക്കളായി കാണപ്പെട്ടു. പക്ഷേ ഒടുവിൽ അവർ കൂടുതൽ നല്ല സുഹൃത്തുക്കളായി മാറി എന്ന് എനിക്ക് തോന്നി. അവർ കുട്ടികളെപ്പോലെയായിരുന്നു എന്നതാണ് ഇരുവരുടെയും ആ പെരുമാറ്റത്തിന്റെ കാരണം.അന്നത്തെ അമൂല്യ നിമിഷങ്ങൾ എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു’- ജിസ് ജോയ് കുറിക്കുന്നു.
അതേസമയം, ജിസ് ജോയ് ഏറ്ററ്വും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനെ നായകനാക്കിയ ‘മോഹൻ കുമാർ ഫാൻസ്’ ആയിരുന്നു. ആസിഫ് അലി അഭിനയിക്കുന്ന ഒരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്.
Story highlights- Jis Joy about thilakan and innocent