റിലീസിന് ഒരുങ്ങി ‘കാണെക്കാണെ’; ടീസർ എത്തി

September 11, 2021

മായാനദിക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കാണെക്കാണെ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ കാണെക്കാണെ എന്ന സിനിമയും ഒ ടി ടി റിലീസായാണ് എത്തുന്നത്. സെപ്റ്റംബർ പതിനേഴിന് സോണി ലിവ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ചിത്രത്തിന്റെ ടീസർ റിലീസിന് മുന്നോടിയായി എത്തി. ടൊവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും കാണെക്കാണെയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ഉയരെ എന്ന ചിത്രത്തിന് ശേഷം ബോബി- സഞ്ജയുടെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ.

പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എറണാകുളത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.

1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന പുതിയ ചിത്രം കൂടിയാണിത്. ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം ഒന്നിക്കുകയാണ് കാണെക്കാണെയിലൂടെ.

ആൽബി ആന്റണിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അഭിലാഷ് ബാലചന്ദ്രനാണ് കാണെക്കാണെയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഗാനരചയിതാവ് വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ് സംഗീതം പകരുന്നത്.

Story highlights- kanekkane teaser