മണലില്‍ വിരിഞ്ഞ ലാല്‍ ഭാവങ്ങള്‍; ഇത് ‘ലാലേട്ടന്റെ ദശാവതാരം’: വിഡിയോ
അതിഗംഭീരമായ കലാമികവുകൊണ്ട് നമ്മെ അതിശയിപ്പിക്കാറുണ്ട് പലരും. സമൂഹമാധ്യമങ്ങളിലും ഇത്തരം കലാമികവുകളുടെ വിഡിയോകളും ചിത്രങ്ങളുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. വളരെ വേഗത്തിലാണ് ഇവ വൈറലാകുന്നതും. മണല്‍ത്തരികളില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച് സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുകയാണ് കൃഷ്ണദാസ് കടവനാട് എന്ന കലാകാരന്. ഇതിനോടകംതന്നെ ഇദ്ദേഹത്തിന്റെ ദൃശ്യാവിഷ്കാരം മികച്ച പ്രേക്ഷക സ്വീകാര്യത നേടി.
അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന മോഹന്‍ലാലിന്റെ വിവിധ ഭാവങ്ങള്‍ മണല്‍ത്തരികളില്‍ സൃഷ്ടിച്ചിരിക്കുകയാണ് കൃഷ്ണദാസ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഇദ്ദേഹത്തിന്റെ കലാസൃഷ്ടിയുടെ വിഡിയോകള്‍ പങ്കുവയ്ക്കുന്നത്. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ പത്ത് കഥാപാത്രങ്ങളെയാണ് സാന്‍ഡ് ആര്‍ട്ടിലൂടെ കൃഷ്ണദാസ് പുനഃസൃഷ്ടിച്ചത്. ലാലേട്ടന്റെ ദശാവതാരം എന്ന പേരും ഈ ദൃശ്യാവിഷ്കാരത്തിന് കലാകാരന് നല്കി.
Read more: അരമണിക്കൂര്ക്കൊണ്ട് എഴുതിയ കൊല്ലം സുധിയുടെ പാരടി പാട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
മലപ്പുറം പൊന്നാനി സ്വദേശിയാണ് ചിത്രകാരനും കലാ സംവിധായകനുമായ കൃഷ്ണദാസ് കടവനാട്. കരവിരുതില്‍ അതിശയിപ്പിക്കുയാണ് ഇദ്ദേഹം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം മുതല്‍ തന്മാത്ര വരെയുള്ള വിവിധ സിനിമകളിലെ ലാല്‍ ഭാവങ്ങളാണ് മണല്‍ത്തരികളില്‍ വിരലോടിച്ച് കൃഷ്ണദാസ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങളിലും ജീവന് തുടിക്കുന്ന ലാല്‍ ഭാവങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.
നിരവധി മലയാള സിനിമകളില്‍ കലാ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട് കൃഷ്ണദാസ് കടവനാട്. വിവിധ സിനിമകളില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ക്ക് അപ്പുറം താരത്തിന്റെ വിവിധ കാലഘട്ടങ്ങളെക്കൂടി ഓര്‍മപ്പെടുത്തുകയാണ് കൃഷ്ണദാസ് കടവനാടിന്റെ ഈ മണല്‍ സൃഷ്ടി.
Story highlights: Krishnadas Kadavanadu Sand Art Viral Video