ഷൂട്ടിംഗ് പുനഃരാരംഭിച്ച് ‘ജന ഗണ മന’ ടീം- നായികയായി മംമ്ത മോഹൻദാസ്
പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മന അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നടി മംമ്ത മോഹൻദാസാണ് സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചതായി അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More: ‘ആടുജീവിത’ത്തിനായി വീണ്ടും മേക്കോവറിനൊരുങ്ങുന്നതായി പൃഥ്വിരാജ്- ഇനി അൾജീരിയയിലേക്ക്
അതേസമയം,കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Story highlights- Mamta Mohandas films for ‘Jana Gana Mana’