‘ആടുജീവിത’ത്തിനായി വീണ്ടും മേക്കോവറിനൊരുങ്ങുന്നതായി പൃഥ്വിരാജ്- ഇനി അൾജീരിയയിലേക്ക്

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിയെത്തിയ ടീം വീണ്ടും അൾജീരിയയിലും ജോർദാനിലും അടുത്ത ഷെഡ്യൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.
യു എ ഇയിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് ആടുജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ആടുജീവിതത്തിനായി ഡിസംബർ മുതൽ ഇടവേള എടുക്കും എന്നും, മൂന്നു മാസത്തിന് ശേഷം ഷൂട്ടിംഗ് അൾജീരിയയിൽ ആരംഭിക്കും എന്നും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു. മൂന്നുമാസം കൊണ്ട് വീണ്ടും പൃഥ്വിരാജിന് മേക്കോവർ നടത്തേണ്ടതുണ്ട്. മുൻപ് ആടുജീവിതത്തിനായി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വാർത്തയായിരുന്നു. പിന്നീട് മറ്റുചിത്രങ്ങൾക്കായി വീണ്ടും പഴയ രൂപത്തിലേക്ക് എത്തിയിരുന്നു താരം.
അൾജീരിയയിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നും, പിന്നീട് ജോർദാനിലും ഒരു വലിയ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഉണ്ടെന്നും നടൻ പറയുന്നു. അതിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷവും ചിത്രത്തിനായി ഷൂട്ടിംഗ് ഉണ്ടെന്നും പൃഥ്വിരാജ് പങ്കുവയ്ക്കുന്നു.
Read More: ‘ടപ്പ് ടപ്പ് ജാനകി വെള്ളംകോരാൻ പോയപ്പോൾ..’; രസികൻ പാട്ടുമായി മിയയും മേഘ്നയും- വിഡിയോ
അതേസമയം, കേരളത്തിലെ ആദ്യ ഷെഡ്യുളുകൾ പൂർത്തിയാക്കിയതിന് ശേഷമാണ് ജോർദാനിലേക്ക് അണിയറപ്രവർത്തകർ പോയത്. ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.
Story highlights- prithviraj sukumaran to lose weight again