രാജമൗലി ചിത്രം ആർആർആർ ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് എത്തില്ല; കാത്തിരിക്കണമെന്ന് നിർമാതാക്കൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ. ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ, തിയേറ്ററുകളുടെ പ്രവർത്തനം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും എന്നുള്ളതുകൊണ്ട് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ്.
2021 ഒക്ടോബറിലേക്ക് തിയേറ്ററുകളിൽ എത്തിക്കാൻ തക്കവണ്ണം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പൂർത്തിയാകുകയാണെന്നും എന്നാൽ, തിയേറ്ററുകൾ അനിശ്ചിതമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ റിലീസ് നീട്ടിവയ്ക്കുകയാണെന്നുമാണ് ആർആർആർ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല.
ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു.
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.
ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ചിത്രത്തിൽ സീതയായാണ് ആലിയ വേഷമിടുന്നത്.
Story highlights- RRR Movie release date postponed