‘അല്ല മക്കളെ, ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്?’- മറക്കാനാവാത്ത രാജകീയ യാത്രയെക്കുറിച്ച് വിനോദ് കോവൂർ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വിനോദ് കോവൂർ. നിരവധി സ്റ്റേജ് ഷോകളിലൂടെ ചിരിയുടെ വസന്തം വിടർത്തുന്ന വിനോദ് കോവൂർ ദുബായിൽ നിന്നുള്ള യാത്രയിൽ തനിക്ക് ലഭിച്ച ഒരു അപൂർവ്വ ഭാഗ്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയപ്പോൾ ഫ്ലൈറ്റിൽ കയറിയ വിനോദ് കോവൂർ ഒന്ന് ഞെട്ടി. കാരണം, മറ്റാരും യാത്രക്കാരായി ഫ്ലൈറ്റിൽ ഇല്ല. കൊവിഡ് കാലത്ത് പലരും ഒറ്റയ്ക്കുള്ള ഫ്ലൈറ്റ് യാത്രയെക്കുറിച്ച് പങ്കുവെച്ചിരുന്നു. തന്റെയും അനുഭവം ചിത്രത്തിനൊപ്പം കുറിക്കുകയാണ് വിനോദ് കോവൂർ.
വിനോദ് കോവൂരിന്റെ വാക്കുകൾ;
ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവ്വഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര. ഗോ എയർ ഇൻ വിമാനത്തിലേക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു, അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന് . മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു. പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെൽഫി എടുത്തു. മുമ്പൊരിക്കൽ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങാൻ കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു.ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓർമ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കും.
Story highlights- vinod kovoor about flight journey