ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,862 പേർക്ക്; സജീവ രോ​ഗികളുടെ എണ്ണത്തിലും കുറവ്

October 15, 2021
16,862 New COVID-19 Cases in India

കൊവിഡ് 19 എന്ന മഹാമാരിയിൽ നിന്നും അതിജീവനത്തിനായി പോരാടുകയാണ് രാജ്യം. നാളുകൾ ഏറെയായി കൊവിഡ് പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോ​ഗമിക്കുമ്പോഴും പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എങ്കിലും പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിലെ കുറവ് നേരിയ ആശ്വാസം പകരുന്നു.

കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേർക്കാണ് രാജ്യത്ത് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,03,678 പേർ കൊവിഡ് രോ​ഗത്തിന് ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ രോ​ഗബാധിതരുടെ എണ്ണത്തിന്റെ 0.60 ശതമാനമാണ് നിലവിൽ സജീവ രോ​ഗികളുടെ എണ്ണം.

Read more: ഉയരം 215.16 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പെൺകുട്ടി എന്ന റെക്കാർഡ് ഈ മിടുക്കിക്ക്

കഴിഞ്ഞ ഒരു ദിവസത്തിനിടെ 379 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 4,51,814 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവർന്നത്. അതേസമയം രോ​ഗമുക്തി നിരക്കിലും രാജ്യത്ത് വർധനവുണ്ട്. 24 മണിക്കൂറിനിടെ 19,391 പേരാണ് രാജ്യത്ത് രോ​ഗമുക്തരായത്. ഇതോടെ രാജ്യത്താകെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,33,82,100 ആയി. 98.07 ശതമാനമാണ് നിലവിൽ രാജ്യത്തെ കൊവിഡ് രോ​ഗമുക്തി നിരക്ക്.

Story highlights: 16,862 New COVID-19 Cases in India