ഏറ്റുമുട്ടലിനൊടുവിൽ വിശ്രമിക്കുന്ന തെലുങ്കിലെ അയ്യപ്പനും കോശിയും- ചിത്രം പങ്കുവെച്ച് റാണാ ദഗുബാട്ടി
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ അയ്യപ്പനായി എത്തുന്നത് പവൻ കല്യാണാണ്. തെലുങ്കിൽ ഭീംല നായക് എന്നാണ് അയ്യപ്പനായി എത്തുന്ന പവന്റെ പേര്. റാണയാണ് പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിൽ എത്തുന്നത്. ഡാനിയേൽ ശേഖർ ആയി റാണാ ദഗുബാട്ടിയാണ് എത്തുന്നത്.
ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് റാണാ ദഗുബാട്ടി. ക്ളൈമാക്സിന് തൊട്ടുമുൻപുള്ള ഏറ്റുമുട്ടലിനു ശേഷം അയ്യപ്പനും കോശിയും തളർന്നിരിക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.
സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവൻ കല്യാണിന്റെ ഭാര്യയായി നിത്യ മേനോൻ ആണ് എത്തുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Read More: ‘തേരിറങ്ങും മുകിലേ..’- ഹൃദയം കവർന്ന് റിമി ടോമിയുടെ ആലാപനം
ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന് അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും.
Story highlights- bheemala nayak location still