ഇനി അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാൻ ഡെലീഷ്യ- 60,000 ലിറ്ററിന്റെ ടൈലർ ഓടിക്കാൻ ഇരുപത്തിമൂന്നുകാരി
സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല, സാക്ഷാത്കരിക്കാനുള്ളതാണ്. ഒരിക്കലും നടക്കില്ല എന്നു കരുതുന്ന കാര്യങ്ങൾ പോലും ആളുകൾ കയ്യെത്തിപിടിച്ച ചരിത്രമുണ്ട്. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മളെ തേടിയെത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡെലീഷ്യ എന്ന ഇരുപത്തിമൂന്നുകാരി. ഫ്ളവേഴ്സ് മൈജി ഒരുകോടി വേദിയിൽ പങ്കുവെച്ച സ്വപ്നം സാക്ഷത്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഡെലീഷ്യ.
തൃശൂർ സ്വദേശിനിയായ ഡെലീഷ്യ പെട്രോൾ ടാങ്കർ ഡ്രൈവറാണ്. സ്ത്രീകൾ അധികം കടന്നുവരാത്ത വളരെയധികം ഉത്തരവാദിത്തമുള്ള ജോലിയിൽ ചെറിയ പ്രായത്തിൽത്തന്നെ പ്രവേശിച്ച ഡെലീഷ്യയുടെ ആത്മധൈര്യവും നിശ്ചയദാർഢ്യവും ഫ്ളവേഴ്സ് മൈജി ഒരുകോടി പ്രേക്ഷകർക്കും പ്രചോദനമായി. ഈ വേദിയിലാണ് ഡെലീഷ്യ തന്റെ ജീവിതാഭിലാഷം വെളിപ്പെടുത്തിയത്.
കാനഡയിൽ വോൾവോ ബസ് ലൈസൻസ് എടുത്ത് ഓടിക്കണം എന്നതായിരുന്നു ഡെലീഷ്യയുടെ സ്വപ്നം. അർഹിക്കുന്ന മൂല്യം നൽകുന്നവരാണ് കാനഡക്കാർ എന്നും അതുകൊണ്ടാണ് അവിടെപ്പോയി വാഹനം ഓടിക്കാൻ ആഗ്രഹമെന്നും ഡെലീഷ്യ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, വലിയൊരു അവസരമാണ് ഡെലീഷ്യയെ തേടിയെത്തിയിരിക്കുന്നത്. അബുദാബിയിൽ നിന്നാണ് ഡെലീഷ്യയെ തേടി സ്വപ്നജോലി എത്തിയത്.
Read More: ‘ഹോം’ ബോളിവുഡിലേക്ക്- റീമേക്ക് വാർത്ത പങ്കുവെച്ച് വിജയ് ബാബു
ഇപ്പോൾ 12,000 ലിറ്ററിന്റെ ടാങ്കർ ലോറിയാണ് ഡെലീഷ്യ ഇവിടെ ഓടിക്കുന്നത്. അബുദാബിയിൽ ഡെലീഷ്യയെ കാത്തിരിക്കുന്നത് 60,000 ലിറ്ററിന്റെ ടൈലർ ആണ്. എന്തായാലും ഒട്ടേറെ ആളുകളുടെ സ്വപ്നസാക്ഷാത്കാരത്തിന് വഴിതെളിച്ച ഫ്ളവേഴ്സ് ടിവിയാണ് ഡെലീഷ്യയ്ക്കും വഴിത്തിരിവായത്.
Story highlights- flowers myg fame delicia got call from abudabi