പതിനായിരം മുറികളുള്ള ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ; പക്ഷേ, ആൾതാമസമില്ല..
ചരിത്രത്തിന്റെ അവശേഷിപ്പുകളും ആരുടെയെങ്കിലും ഓർമ്മകൾ നിറഞ്ഞ സ്ഥലങ്ങളുമെല്ലാം സ്മാരകങ്ങളായി മാറാറുണ്ട്. എന്നാൽ, നിർമാണം പൂർത്തിയായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആൾതാമസമില്ലാതെ സ്മാരകമായി മാറിയ ഒരു കൂറ്റൻ കെട്ടിടമുണ്ട്, ജർമനിയിൽ. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലാണ് നിർമാണം പൂർത്തിയാക്കി 70 വര്ഷം പിന്നിട്ടിട്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുന്നത്.
ജർമ്മനിയിലെ ബാൾട്ടിക് കടലിന് സമീപമുള്ള ദ്വീപായ റുഗെനിലെ കടൽത്തീരത്ത് മൂന്ന് മൈലിലധികം നീണ്ടു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ഹോട്ടലിൽ 10,000 മുറികളാണ് ഉള്ളത്. 1936നും 1939നും ഇടയിൽ നാസികൾ അവരുടെ ‘സ്ട്രെംഗ്ത് ത്രൂ ജോയ്’ പ്രോഗ്രാമിന്റെ ഭാഗമായി നിർമ്മിച്ച ഒരു വലിയ കെട്ടിട സമുച്ചയമാണിത്. ജർമ്മൻ തൊഴിലാളികൾക്ക് ഒഴിവുസമയ പ്രവർത്തനങ്ങൾ നൽകുക, നാസി പ്രചരണം എന്നിവയായിരുന്നു ലക്ഷ്യം.
ഹിറ്റ്ലറുടെ വലിയൊരു സ്വപ്ന പദ്ധതിയായിരുന്നു ഇത്.4.5 കിലോമീറ്റർ നീളത്തിലും കടൽത്തീരത്ത് നിന്ന് 150 മീറ്റർ അകലെയുമുള്ള എട്ട് സമാന കെട്ടിടങ്ങളാണ് ഈ സമുച്ചയത്തിലുള്ളത്. 9,000 തൊഴിലാളികൾ ചേർന്ന് മൂന്ന് വർഷമെടുത്തു നിർമിച്ചതാണ് ഈ കെട്ടിടം.1936ൽ ഈ കെട്ടിടത്തിന് രൂപകൽപ്പന നൽകുമ്പോൾ ഹിറ്റ്ലറിൻറെ മനസിൽ ഉണ്ടായിരുന്നത് നാസികൾക്കായി ഒരിടമൊരുക്കുക എന്നതായിരുന്നു.
20,000 കിടക്കകളുള്ള ഒരു കൂറ്റൻ കടൽ റിസോർട്ടായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എല്ലാകാലത്തും നിലനിൽക്കുന്ന ഏറ്റവും വലുതും ശക്തവുമായ ഒന്ന്..5 മുതൽ 2.5 മീറ്റർ വരെ നീളമുള്ള ഓരോ മുറിയിലും രണ്ട് കിടക്കകളും ഒരു വാർഡ്രോബും സിങ്കും ഉണ്ടായിരിക്കണം. ഓരോ നിലയിലും ടോയ്ലറ്റുകളും ഷവറും ബോൾറൂമുകളും ഉണ്ടായിരുന്നു. നടുവിൽ, യുദ്ധമുണ്ടായാൽ സൈനിക ആശുപത്രിയാക്കി മാറ്റാൻ കഴിയുന്ന ഒരു വലിയ കെട്ടിടം പണിയണം. അങ്ങനെ നീളുന്നു, ഹിറ്റ്ലറിൻറെ സ്വപ്നങ്ങൾ.എന്നാൽ കെട്ടിടം പൂർത്തിയാകും മുൻപ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെ, ഹിറ്റ്ലറിൻറെ മുൻഗണനകൾ മാറി. അദ്ദേഹം നിർമാണ തൊഴിലാളികളെ വി-വെപ്പൺസ് പ്ലാന്റ് നിർമ്മിക്കാൻ അയച്ചു.
യുദ്ധാവസാനത്തോടെ, ഈ കെട്ടിടങ്ങൾ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. യുദ്ധശേഷം കിഴക്കൻ ജർമ്മൻ സൈന്യത്തിന്റെ സൈനിക ഔട്പോസ്റ്റായി ഇ ഹോട്ടൽ കെട്ടിടം ഉപയോഗിച്ചു. 1990ൽ ജർമ്മൻ പുനസംഘടനയ്ക്കുശേഷം, ഒരു ഭാഗം ബണ്ടെസ്വെറിലെ മിലിട്ടറി ടെക്നിക്കൽ സ്കൂളായി പ്രവർത്തിച്ചു.മറ്റ് ഉപയോഗങ്ങൾക്കായി പുനർനിർമ്മിച്ച കുറച്ച് കെട്ടിടങ്ങൾ ഒഴികെ ഇന്ന് ഈ സ്ഥലം മുഴുവനും വിജനമാണ്. 2011 ൽ ഒരു ബ്ലോക്ക് 400 കിടക്കകളുള്ള യൂത്ത് ഹോസ്റ്റലാക്കി മാറ്റി. ഇപ്പോൾ 300 കിടക്കകളുള്ള ഒരു ആധുനിക റിസോർട്ടാക്കി ഇവിടം മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
Story highlights- Hitler’s nazi hotel