രാജ്യത്ത് സജീവ കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 21,257 പേര്‍ക്ക്
കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടിയിട്ടില്ല ലോകം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് കൊറോണ വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന കുറവ് നേരിയ ആശ്വാസം പകരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 21,257 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,40,221 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 205 ദിവസത്തിനിടെയില്‍ ഇത് ആദ്യമായാണ് സജീവ രോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നത്.
ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.71 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം. ഇന്നലെ മാത്ര 24,963 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,32,25,221 ആയി. കൊവിഡ് പ്രതിരോധ വാക്സിന് യജ്ഞവും ഇന്ത്യയില്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 93.17 കോടി ഡോസ് വാക്സിന് രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തു.
Story highlights: India Reports 21,257 new Covid cases