കന്നഡ സിനിമാതാരം പുനീത് രാജ്കുമാർ അന്തരിച്ചു
പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു. ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പുനീതിനെ ആശുപത്രിയിൽ എത്തിച്ചത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് റിപ്പോർട്ട്. പുനീത് രാജ്കുമാറിനെ ആരോഗ്യനില നേരിട്ടറിയാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം ആശുപത്രിയിൽ എത്തിയിരുന്നു.
കന്നഡ സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ പുനീത്, സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മകനാണ്. 1985-ൽ ബേട്ടഡു ഹൂവി എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയിരുന്നു.
2002-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ അപ്പു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. അഭി, വീര കന്നഡിഗ, അരസു, രാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകളിൽ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Story highlights- kannada actor puneeth rajkumar passed away