വാട്സാപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക- മുന്നറിയിപ്പ്
പലതരത്തിലുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാകുകയാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളാണ് ഇതിൽ ഏറെയും. മുൻപ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സമ്മാനം അയച്ചുനൽക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്ന രീതിയിൽ പല മലയാളികളും ഇരയായിരുന്നു. ഇപ്പോഴിതാ, മറ്റൊരു തട്ടിപ്പ് സജീവമാകുകയാണ്. അപരിചിതരിൽ നിന്നുള്ള വിഡിയോ കോളുകൾ ആണ് ഇപ്പോൾ വില്ലൻ. ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക.. വാട്സാപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.
നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും.
ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം.സൂക്ഷിക്കുക.. വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക.
Story highlights- kerala police about fake video call trap