24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,132 പേര്‍ക്ക് കൊവിഡ്; സജീവ രോഗികളുടെ എണ്ണത്തിലും കുറവ്
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,132 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 215 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് ഇത്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,27,347 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.67 ശതമാനമാണ് സജീവരോഗികളുടെ എണ്ണം. 209 ദിവസത്തിനിടെയില്‍ ആദ്യമായാണ് സജീവ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തുന്നതും.
കൊവിഡ് മുക്തി നിരക്കിലും വര്‍ധനവുണ്ട് എന്നതും ആശ്വാസം പകരുന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 21,563 പേരാണ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,32,93,478 ആയി ഉയര്‍ന്നു. നിലവില്‍ 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായ രീതിയില്‍ ഇന്ത്യയില്‍ പുരോഗമിക്കുന്നുണ്ട്. 95.19 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തത്.
Story highlights: Lowest rise in daily Covid cases in 215 day