അഭിമാന നിമിഷം; അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ എഴുമെഡലുകൾ സ്വന്തമാക്കി നടൻ മാധവന്റെ മകൻ

October 26, 2021

നടൻ മാധവന് ഇത് അഭിമാന നിമിഷമാണ്. അടുത്തിടെ നടന്ന ചാമ്പ്യൻഷിപ്പിൽ 16 വയസ്സുള്ള മകൻ വേദാന്ത് സ്വിമ്മിങ്ങിൽ ഏഴ് മെഡലുകളാണ് സ്വന്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ജൂനിയർ ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് വേദാന്ത് ഏഴ് മെഡലുകൾ നേടിയത്. ബസവനഗുഡി അക്വാട്ടിക് സെന്ററിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നാല് വെള്ളിയും മൂന്ന് വെങ്കലവുമാണ് താരപുത്രൻ സ്വന്തമാക്കിയത്.

മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് വേദാന്ത് 800 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ് , 1500 ഫ്രീസ്റ്റൈൽ സ്വിമ്മിങ്, 4×100 ഫ്രീസ്റ്റൈൽ റിലേ, 4×200 ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിൽ വെള്ളി മെഡലുകൾ നേടി. 100 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ്, 200 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ്, 400 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിങ് ഇനങ്ങളിൽ വെങ്കല മെഡലുകളും നേടി.

സമൂഹമാധ്യമങ്ങളിൽ വേദാന്തിന് അഭിനന്ദന പ്രവാഹമാണ്.മാതൃക അച്ഛൻ-മകൻ ജോഡി എന്നാണ് വേദാന്തിനെയും മാധവനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. 2019-ൽ ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമടക്കമാണ് വേദാന്ത് കരസ്ഥമാക്കിയത്.

അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള വേദാന്തിന്റെ ഔദ്യോഗിക മെഡൽ എന്ന കുറിപ്പിനൊപ്പമാണ് മകന്റെ മെഡൽ നേട്ടം മാധവൻ പങ്കുവെച്ചത്.

Read More: തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ മലയാളം റിലീസായി ‘സ്റ്റാർ’; ഒക്ടോബർ 29ന് ചിത്രം തീയറ്ററുകളിലേക്ക്

2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്‌ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.

Story highlights- madhavan’s son win’s 7 medals at swimming championship