‘ഞാൻ ദൈവമല്ല, നിങ്ങളിൽ ഒരാളുമല്ല’- ത്രില്ലറോ പ്രണയമോ? ദുരൂഹത ഒളിപ്പിച്ച് ‘രാധേ ശ്യാം’ ടീസർ

October 23, 2021

പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമായ രാധേ ശ്യാമിന്റെ ടീസർ എത്തി. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ എത്തിയത്. ചിത്രത്തിന്റെ പേരും പോസ്റ്ററുകളുമെല്ലാം ഒരു പ്രണയ ചിത്രത്തിന്റെ സൂചന നൽകിയിരുന്നുവെങ്കിലും ടീസറിൽ ത്രില്ലറിന്റെ അനുഭവമാണ് സമ്മാനിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ‘ഞാൻ ദൈവമല്ല, നിങ്ങളിൽ ഒരാളുമല്ല’ എന്നാണ് ടീസറിലെ നരേഷനിൽ പ്രഭാസിന്റെ കഥാപാത്രം വ്യക്തമാക്കുന്നത്.

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2022 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അതേസമയം, കൊവിഡ് സമയത്ത് തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമം നേരിട്ടപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു രാധേ ശ്യാം ടീം. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് ടീം.

Read More: ചിരിയുടെ പൊടിപൂരം തീർക്കാൻ ‘കനകം കാമിനി കലഹം’- ശ്രദ്ധനേടി ട്രെയ്‌ലർ

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്.

Story highlights- radhe shyam teaser