‘ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് അഭിമാനമാണ്, അസാമാന്യ പ്രതിഭയാണ് അദ്ദേഹം’- ശിവകാർത്തികേയൻ
മലയാളികളുടെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. പതിനെട്ടാം വയസിൽ നായകനായെത്തിയ ആദ്യ സിനിമക്ക് ശേഷം വർഷങ്ങളുടെ ഇടവേളയെടുത്താണ് ഫഹദ് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. മടങ്ങി വരവിൽ ചെറിയ വേഷങ്ങളുമൊക്കെയായി മുഖം കാണിച്ച ഫഹദ് ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ നായകനായി എത്തുകയായിരുന്നു. തമിഴകത്തും സജീവ സാന്നിധ്യമാകുന്ന ഫഹദ് ഫാസിൽ തെലുങ്കിലും പുഷ്പ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്.
ഇപ്പോഴിതാ, ഫഹദ് ഫാസിലിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ ശിവകാർത്തികേയൻ. വേലൈക്കാരൻ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്.അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്’- ശിവകാർത്തികേയൻ പറയുന്നു.
Read More: ‘ഫ്ളവേഴ്സ് കിറ്റക്സ് മൈ സൂപ്പർ ബെഡ്റൂം’ ഫോട്ടോ കോണ്ടസ്റ്റിന്റെ ഭാഗമാകൂ; ഐഫോൺ സ്വന്തമാക്കാം
അതേസമയം, ‘ഡയമണ്ട് നെക്ലേസി’ൽ അസിസ്റ്റന്റ് ആകാനാണ് ഫഹദ് എത്തിയത്. എന്നാൽ ലാൽ ജോസ് നായകനാക്കുകയായിരുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻ കുഞ്ഞ്. സജിമോന്‍ പ്രഭാകരന് സംവിധാനം ചെയ്യുന്ന സിനിമയാണിത്. രജിഷാ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.
Story highlights- sivakarthikeyan about fahad fazil