മുംബൈ ഭീകരാക്രമണത്തിന് 13 വയസ്; വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് നടൻ
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് 2008 ൽ ഇതേ ദിനമാണ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മുംബൈ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ 13-ാം വാർഷിക ദിനത്തിൽ മുംബൈയിലെ പൊലീസ് സ്മാരകത്തിന് മുന്നിൽ അഞ്ജലിയുമായി എത്തുകയാണ് നടൻ അദിവി ശേഷ്. ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജർ എന്ന ചിത്രത്തിൽ നായകനായി വേഷമിടുന്നത് അദിവി ശേഷ് ആണ്. മുംബൈയിൽ പലയിടത്തായി 166 പേരുടെ ജീവൻ പൊലിഞ്ഞ ആക്രമണമാണ് 2008 നവംബർ 26ന് അരങ്ങേറിയത്.
ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്. ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന് പേരിട്ട ഓപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്.
ശശി കിരണ്‍ ടിക്കയാണ് ‘മേജർ’ സിനിമയുടെ സംവിധാനം. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രമൊരുങ്ങുന്നത്. 2022 ഫെബ്രുവരി മാസത്തിലാവും ചിത്രം റിലീസ് ചെയ്യുക.
Story highlights: 13 years of Mumbai terrorist attacks