കടമറ്റത്ത് കത്തനാരാകാൻ ബാബു ആന്റണി- ത്രീഡി ചിത്രം ഒരുങ്ങുന്നു
മലയാളികൾക്ക് സുപരിചിതനായ മാന്ത്രികനാണ് കടമറ്റത്ത് കത്തനാർ. പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദീകനായിരുന്നു അദ്ദേഹം. പ്രേതബാധ, അപസ്മാരം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഭേദമാക്കുന്നതിലാണ് കടമറ്റത്ത് കത്തനാർ ശ്രദ്ധനേടിയത്. ഒട്ടേറെ പരമ്പരകൾ കത്തനാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങിയിട്ടുണ്ട്. കത്തനാർ എന്ന പേരിൽ ജയസൂര്യ നായകനാകുന്ന ഒരു ചിത്രവും അണിയറയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, കടമറ്റത്ത് കത്തനാർ ത്രീഡി ഒരുങ്ങുന്നു.
ബാബു ആന്റണിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എ വി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാർ. ഒട്ടേറെ ദക്ഷിണേന്ത്യൻ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തമായി ത്രീഡി കാഴ്ചയിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More: നൂറ്റിയെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ ‘പത്തൊൻപതാം നൂറ്റാണ്ട്’ പൂർത്തിയായി
ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. മണിരത്നം സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും ബാബു ആന്റണി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Story highlights- babu antony as kadamattath kathanar