വലയെറിഞ്ഞ് ലക്ഷാധിപതിയായ മത്സ്യത്തൊഴിലാളി
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്നത് ചിലപ്പോൾ വലിയ അത്ഭുതങ്ങൾ ആയിരിക്കാം എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. അത്തരത്തിൽ കടലിൽ വലയെറിഞ്ഞ് ഭാഗ്യം കൈവന്ന മത്സ്യത്തൊഴിലാളിയാണ് ബികാഷ് ബർമൻ. പശ്ചിമ ബംഗാളിലെ സുന്ദർബനിലുള്ള മത്സ്യത്തൊഴിലാളിയാണ് ബികാഷ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾക്കൊപ്പം കടലിൽ മീൻ പിടിയ്ക്കാൻ പോയതാണ് ബികാഷ്. കടലിൽ വലയെറിഞ്ഞ ബികാഷിനെ കാത്തിരുന്നത് പക്ഷെ വലിയ ഭാഗ്യമായിരുന്നു.
ബികാഷിൻറെ വലയിൽ കുടുങ്ങിയത് ഒരൊറ്റ മത്സ്യമാണ്. ഏകദേശം 36 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ടെലിയ ഭോല എന്ന വമ്പൻ മത്സ്യമാണ് ബികാഷിൻറെ വലയിൽ കുടുങ്ങിയത്. ഏഴടിയോളം നീളവും 75 കിലോഗ്രാമിൽ അധികം ഭാരമുണ്ടായിരുന്ന മത്സ്യത്തെ വളരെയധികം സാഹസപ്പെട്ടാണ് ബികാഷ് കരയിലേക്കെത്തിച്ചത്. ഈ മത്സ്യത്തെ ഭക്ഷണത്തിനായി മാത്രമല്ല ഉപയോഗിക്കുന്നത്. ടെലിയ ഭോലിയ വിഭാഗത്തിൽപെട്ട മത്സ്യത്തിന്റെ ഉള്ളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ നിരവധി അസുഖങ്ങൾക്കുള്ള മരുന്ന് നിർമാണത്തിനായും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാരും നിരവധിയാണ്.
അതേസമയം ടെലിയ ഭോലിയ വിഭാഗത്തിൽപ്പെട്ട മത്സ്യത്തെ സാധാരണയായി ലഭിക്കാറുണ്ടെങ്കിലും ഇത്രയും വലിയ മത്സ്യത്തെ ലഭിക്കുന്നത് അത്യപൂർവമായി മാത്രമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ഇത്രയും വലിയൊരു ഭാഗ്യം തന്നെത്തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ബികാഷ്.
Story highlights: Giant fish Sold For Over Rs 36 Lakh