സ്കൂളിൽ പോകാൻ വാഹനസൗകര്യമില്ല ചീഫ് ജസ്റ്റിസിന് കത്തെഴുതി കുഞ്ഞുവൈഷ്ണവി

November 8, 2021

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സ്കൂളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. നീണ്ടകാലത്തെ ഓഫ്‌ലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി ഇടങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ് യാത്രാക്ലേശം. ശരിയായ രീതിയിൽ ബസ് സർവീസ് ഇല്ലാത്തതോടെ സ്കൂളുകളിലേക്ക് പോകാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട് അധികൃതരെ അറിയിക്കുകയാണ് കുഞ്ഞുവൈഷ്ണവി.

തെലുങ്കാന സ്വദേശിയായ വൈഷ്ണവി എന്ന കൊച്ചുമിടുക്കിയാണ് സ്കൂളിലേക്ക് പോകാൻ ബസ് സർവീസ് ഇല്ലാത്തതിനാൽ തനിക്ക് പോകാൻ വാഹനസൗകര്യം ഉണ്ടാക്കിതരണമെന്ന് കത്തിലൂടെ അധികൃതരെ അറിയിച്ചത്. ബസ് സർവീസ് ഇല്ലാത്തതും, ഓട്ടോറിക്ഷയിൽ പോകാൻ കാശില്ലാത്തതുമാണ് ഇങ്ങനെയൊരു കത്തെഴുതാൻ വൈഷ്ണവിയെ പ്രേരിപ്പിച്ചത്. ചീഫ് ജസ്റ്റിസിനാണ് വൈഷ്ണവി കത്തെഴുതിയത്.

Read also: മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രക്കിടെ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ; പിറന്നാൾ മധുരം സഹോദരിക്കൊപ്പം ഒരുക്കിയതിന്റെ സന്തോഷത്തിൽ വിനയ്, സ്നേഹം നിറച്ചൊരു വിഡിയോ

കൊറോണ ബാധിച്ച് മരിച്ചതാണ് വൈഷ്ണവിയുടെ പിതാവ്. പിതാവ് മരിച്ചതോടെ അമ്മയുടെ വരുമാനത്തിൽ നിന്നും ലഭിക്കുന്ന തുകയുപയോഗിച്ചാണ് വൈഷ്ണവിയും കുടുംബവും ചിലവ് കഴിയുന്നത്. ചെറിയ തുക മാത്രം വരുമാനമുള്ള ‘അമ്മയ്ക്ക് വൈഷ്ണവിയുടെയും സഹോദരന്റെയും പഠനത്തിനും യാത്രാചിലവിനും കൂടിയുള്ള തുക സമ്പാദിക്കാൻ കഴിയാതെ വന്നതോടെ ഇവർക്ക് ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് പോകാൻ കഴിയാതെയായി. ഇതോടെയാണ് തനിക്കും സഹോദരനും സ്കൂളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ഒരുക്കണമെന്നും ഗ്രാമത്തിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് വൈഷ്ണവി അധികൃതർക്ക് കത്തയച്ചത്.

അതേസമയം കത്ത് ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് ഗ്രാമത്തിലെ ബസ് സർവീസ് പുനഃരാരംഭിക്കുമെന്ന് വൈഷ്ണവിക്ക് ഉറപ്പും നൽകി.

Story highlights: Girl writes to CJI seeking restoration of bus services