സിനിമ തിയേറ്ററിൽ കയറാൻ ഒരു ഡോസ് വാക്‌സിൻ മതി; കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
സംസ്ഥാനത്ത് നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി മുതൽ ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയേറ്ററിൽ പ്രവേശിക്കാം. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററിൽ കയറാൻ അനുമതി ഉള്ളത്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതിന് പുറമെ വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന ചടങ്ങുകളിൽ 100 പേർക്കും തുറന്ന സ്ഥലത്താണെങ്കിൽ 200 പേർക്കുവരെയുമാണ് പ്രവേശിക്കാൻ അനുമതി.
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന തിയേറ്ററുകൾ കഴിഞ്ഞ ദിവസമാണ് തുറന്നത്. എന്നാൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരുന്നു തിയേറ്ററിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നത്.
ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകണമെന്നും, തിയേറ്ററുകൾ തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിനോദ നികുതിയിൽ ഇളവ് വേണമെന്നും സിനിമാ സംഘടനകൾ സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.
Story highlights: govt announces more covid relaxations