ഇന്ത്യയിൽ ഇന്ന് 6990 കൊവിഡ് കേസുകൾ; 242 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
വർഷങ്ങൾ പിന്നിട്ടും രാജ്യത്തെ വിട്ടൊഴിയുന്നില്ല കൊറോണ വൈറസ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 6990 കൊവിഡ് കേസുകളാണ്. 242 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,87,822 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയളയത്തിന്റെ കണക്കുകൾ പ്രകാരം 190 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,68,980 ആയിട്ടുണ്ട്.
ഇന്ത്യയിൽ നിലവിൽ 1,00,543 പേരാണ് ചികിത്സയിലുള്ളത്. 10,116 പേർ രോഗമുക്തിനേടി. ഇതോടെ ഇന്ത്യയിൽ ആകെ രോഗമുക്തി നേടിയത് 3,40,18,299 പേരാണ്. 98.35 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ ഏറ്റവുമധികം രോഗബാധിതർ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 3382 കൊവിഡ് കേസുകളാണ്. 5779 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് എട്ട് ശതമാനത്തിന് താഴെ ടിപിആർ എത്തിയെന്നത് ആശ്വാസം പകരുന്നു. 7.57 ആണ് ടിപിആർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
Story highlights; India reports 6990 covid cases