‘ജയ് ഭീം കണ്ടു, കണ്ണുനീരോടുകൂടെ’- അഭിനന്ദനവുമായി കമൽ ഹാസൻ

November 4, 2021

സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെയും മലയാളി നടി ലിജോമോളുടെയും പ്രകടനമാണ് കൈയടി നേടുന്നത്. ജയ് ഭീം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എത്തിയിരുന്നു. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള പോരാട്ടമായ ജയ് ഭീമിന് പ്രചോദനമായ ജസ്റ്റിസ് ചന്ദ്രുവിനോടുള്ള ആരാധനയാണ് അദ്ദേഹം പങ്കുവെച്ചത്.

ഇപ്പോഴിതാ, നടൻ കമൽ ഹാസനും ചിത്രത്തിന് മികച്ച അഭിപ്രായം പങ്കുവയ്ക്കുകയാണ്. ‘ജയ് ഭീം കണ്ടു, കണ്ണുനീരോടുകൂടെ, സംവിധായകൻ ടി ജെ ജ്ഞാനവേൽ ഗോത്രവാസികളുടെ പോരാട്ടങ്ങളെ അവരുടെ ദുരവസ്ഥയെ ശക്തമായി രേഖപ്പെടുത്തി. ശബ്‍ദമില്ലാത്തവരുടെ വേദനയും മുറുമുറുപ്പും സമൂഹത്തിന്‍റെ പൊതു മനസ്സാക്ഷിക്ക് മുന്നിലെത്തിക്കാൻ ശ്രമിച്ച സൂര്യയ്ക്കും, ജ്യോതികയ്ക്കും, മുഴുവൻ പേർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ’- കമൽ ഹാസൻ കുറിക്കുന്നു.

Read More: 41 വർഷങ്ങൾക്ക് ശേഷം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയിലെ ഗാനം വീണ്ടുമൊരുക്കി ‘ജാനേമൻ’ ടീം

സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്.

Story highlights- kamal hassan about jai bheem movie